KIA യുടെ സൗജന്യ കാര്‍: വ്യാജ സന്ദേശങ്ങളും തട്ടിപ്പിന്‍റെ പുതുവഴികളും

02:27 AM Jan 22, 2023 | HABEEB RAHMAN YP

ഓണ്‍ലൈനില്‍ നമ്മുടെ വിവരങ്ങള്‍ സുരക്ഷിതമല്ലെന്നും ജാഗ്രത പാലിച്ചില്ലെങ്കില്‍ ഏതൊരു നിമിഷവും പറ്റിക്കപ്പെടാമെന്നും വ്യക്തമാക്കുന്ന നിരവധി ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. സാങ്കേതിക വൈദഗ്ധ്യം കുറഞ്ഞവരെ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്ന നിരവധി സംഘങ്ങളുമുണ്ട്. വ്യാജ ലിങ്കുകളും ആപ്ലിക്കേഷനുകളും ഉപയോഗിച്ച് സ്വകാര്യ വിവരങ്ങളും പണവും തട്ടിയെടുക്കുന്ന സംഭവങ്ങളില്‍ നിരവധി കേസുകളാണ് കേരളത്തിലടക്കം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സ്കോഡ കമ്പനി വാര്‍ഷികത്തോടനുബന്ധിച്ച് ഭാഗ്യശാലികള്‍ക്ക് സൗജന്യ കാര്‍ വിതരണം ചെയ്യുന്നു എന്ന വ്യാജസന്ദേശം കഴിഞ്ഞദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ന്യൂസ്മീറ്റര്‍ ഇതുംസബന്ധിച്ച് വസ്തുതാ പരിശോധന നടത്തി ഇത് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ സന്ദേശം KIA കമ്പനിയുടെ പേരിലും പ്രചരിക്കുന്നത്.

KIA Auto Kerala, MalluWoodz എന്നീ പേജുകളില്‍നിന്ന് പങ്കുവെച്ച സന്ദേശത്തില്‍ പുതിയ കാറിന്‍റെ ചിത്രവും ഒപ്പം പന്ത്രണ്ട് സമ്മാനപ്പൊതികളുടെ ചിത്രവുമുണ്ട്. ചിത്രത്തില്‍നിന്ന് തെരഞ്ഞെടുക്കുന്ന നമ്പര്‍ കമന്‍റില്‍ രേഖപ്പെടുത്താനും വിവരണത്തില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ വിവരങ്ങള്‍ നല്‍കാനുമാണ് നിര്‍ദേശം.


ആയിരക്കണക്കിന് ആളുകളാണ് കമന്‍റ് ബോക്സില്‍ നമ്പര്‍ നല്‍കി പ്രതികരിക്കുകയും സന്ദേശം പങ്കുവെയ്ക്കുകയും ചെയ്തിരിക്കുന്നത്.


Fact-check:

സ്കോഡ കമ്പനിയുടെ പേരില്‍ സമാനമായ സന്ദേശം ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് പ്രചരിച്ചതിനാല്‍ ഇതും അത്തരത്തില്‍ വ്യാജമാകാമെന്ന് പ്രഥമദൃഷ്ട്യാ സൂചനലഭിച്ചു. വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന പേജ് പരിശോധിച്ചു. KIA Auto Kerala എന്ന പേജ് വെരിഫൈഡ് അല്ലെന്നും ഇത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രം ഉണ്ടാക്കിയ പേജാണെന്നും പരിശോധനയില്‍ വ്യക്തമായി.


2023 ജനുവരി 19 നാണ് ഈ പേജ് ഉണ്ടാക്കിയിരിക്കുന്നത്. സ്കോഡയുടെ പേരിലെ പ്രചരണത്തില്‍ വസ്തുതാ പരിശോധന നടത്തിയതും വ്യാജ ഉള്ളടക്കമാണെന്ന് റിപ്പോര്‍ട്ട് ചെയ്തതും ഈമാസം 18-നായിരുന്നു. ആ പേജ് നിശ്ചലമായതിന് പിന്നാലെ അവര്‍‌ തന്നെ ഉണ്ടാക്കിയതാവാം പുതിയ പേജെന്ന് അനുമാനിക്കുന്നു.

തുടര്‍ന്ന് KIA യുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചു. ഇത്തരത്തില്‍ യാതൊരു അറിയിപ്പും നല്‍കിയിട്ടില്ലെന്ന് സ്ഥിരീകരിക്കാനായി. കൂടാതെ KIA യുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജും പരിശോധിച്ചെങ്കിലും ഇതിലും ഇത്തരത്തില്‍ യാതൊരു അറിയിപ്പും കാണാനായില്ല.

എന്നാല്‍ KIA Auto Kerala എന്ന പേരില്‍ നാല് വ്യത്യസ്ത പേജുകളുണ്ടെന്ന് കണ്ടെത്തി. ഇവയില്‍ മൂന്നെണ്ണം (1, 2, 3) ജനുവരി 19നും നാലാമത്തേത് 21നും ഉണ്ടാക്കിയതാണ്. എല്ലാ പേജുകളിലും ഇതേ സന്ദേശം തന്നെയാണ് പങ്കുവെയ്ക്കുന്നതും.

ഇതോടെ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും ലിങ്ക് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാന്‍ ലക്ഷ്യമിട്ടുള്ള സ്പാം ആണെന്നും ഉറപ്പിക്കാനായി.

എന്താണ് Spam?പരസ്യം അല്ലെങ്കില്‍ വിവര ശേഖരണം ലക്ഷ്യമിട്ട് നിരവധി പേര്‍ക്ക് ഒരുമിച്ച് അയക്കുന്ന സന്ദേശങ്ങളാണ് Spam സന്ദേശങ്ങള്‍. വിവിധ ഘട്ടങ്ങളില്‍ ഓണ്‍ലൈനിലോ അല്ലാതെയോ ശേഖരിക്കുന്ന ഇ-മെയില്‍, ഫോണ്‍ നമ്പര്‍ തുടങ്ങിയവ വഴി സ്പാം സന്ദേശങ്ങള്‍ ലഭിക്കാം. വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിന് വിവിധ വെബ്സൈറ്റുകള്‍ വഴി പ്രവര്‍ത്തിക്കുന്ന ലിങ്കുകളും ഇത്തരത്തില്‍ പങ്കുവെയ്ക്കാറുണ്ട്. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനുള്ള നിര്‍ദേശം ലഭിക്കുകയും ഓണ്‍ലൈന്‍ വഴി വിവരശേഖരണം നടത്തുകയും ചെയ്യുന്നു. പരസ്യ-വിപണി തലങ്ങള്‍ക്കുപുറമെ വിവിധ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കും Spam സന്ദേശങ്ങളും ലിങ്കുകളും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

മുന്നറിയിപ്പ്: സന്ദേശത്തിനൊപ്പം നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നത് സുരക്ഷിതമല്ല.

സന്ദേശത്തിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മറ്റൊരു വെബ് പേജിലേക്കാണ് പോവുക. ഇത് KIA യുടെ ലോഗോ ഉള്‍പ്പെടുത്തി നിര്‍മിച്ച ഒരു ബ്ലോഗ് ആണെന്ന് വ്യക്തമായി. പേജ് ഡൊമൈനില്‍ Kerala എന്നതിന്‍റെ സ്പെല്ലിങ് പോലും തെറ്റി നല്‍കിയതില്‍നിന്ന് ഇത് പൂര്‍ണമായും വ്യാജമാണെന്ന് ഉറപ്പിക്കാനായി.


തുടര്‍ന്ന് താഴെ രജിസ്ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മറ്റൊരു വെബ്സൈറ്റിലേക്കാണ് പോവുക. Research On Mobile (ROM) എന്ന ഈ വെബ്സൈറ്റ് വിവിധ തലങ്ങളിലെ ഓണ്‍ലൈന്‍ വിവരശേഖരണത്തിനായി ഉപയോഗിക്കുന്ന സംവിധാനമാണെന്ന് പ്രാഥമിക പരിശോധനയില്‍ മനസ്സിലാക്കാനായി.
ഏതാനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും സര്‍വേയില്‍ പങ്കെടുക്കുകയും ചെയ്താല്‍ സമ്മാനം നേടാമെന്ന സന്ദേശത്തോടെ ഒരു വിന്‍ഡോ കാണാം. തുടരുന്നതോടെ അവരുടെ Terms & Conditions, Privacy Policy എന്നിവ നാം അംഗീകരിക്കുന്നതായി കണക്കാക്കുമെന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

ഞങ്ങള്‍ ഈ Terms & Conditions, Privacy Policy എന്നിവ വിശദമായി പരിശോധിച്ചു.


ഉപയോഗിക്കുന്ന ഡിവൈസിലെ വിവിധ വിവരങ്ങള്‍ ശേഖരിക്കപ്പെടുമെന്നും ഇത്തരിത്തിലുള്ള വിവരങ്ങള്‍ ഗവേഷണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുമെന്നും ഇതില്‍ വ്യക്തമാക്കുന്നു. തുടരുന്നത് സുരക്ഷിതമല്ലാത്തതിനാലും ഇതൊരു സ്പാം ആണെന്ന് ബോധ്യപ്പെട്ടതിനാലും വസ്തുതാ പരിശോധന ഇവിടെ അവസാനിപ്പിക്കുന്നു.

ഇത്തരത്തില്‍ പ്രചരിക്കുന്ന ലിങ്കുകളില്‍ പ്രതികരിക്കുന്നതിന്‍റെ അപകടങ്ങളെക്കുറിച്ച് കേരള പൊലീസ് സൈബര്‍ഡോം വിഭാഗം മുന്‍പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്


നിങ്ങള്‍ക്ക് ചെയ്യാനാവുന്നത്:

ഇത്തരം പേജുകളിലൂടെ സന്ദേശങ്ങള്‍ വ്യാപിക്കുന്നത് തടയാന്‍ ഫെയ്സ്ബുക്ക് ഉപയോക്താക്കള്‍ക്കും ചിലത് ചെയ്യാനുണ്ട്. Spam ഉള്‍പ്പെടെ ഫെയ്സ്ബുക്കിന്‍റെ മാര്‍ഗരേഖ ലംഘിക്കുന്ന പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഓരോ ഉപയോക്താവിനുമാകും. ഇതിനായി പേജിന്‍റെ Transparency ഓപ്ഷന്‍ ഓപ്പണ്‍ ചെയ്ത ശേഷം Find support or Report Page എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം.


ഇതിന് ശേഷം വരുന്ന വിന്‍ഡോയില്‍ കാരണം തെരഞ്ഞെടുത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതോടെ പ്രക്രിയ പൂര്‍ത്തിയാവും. ഇത്തരത്തില്‍ കൂടുതല്‍ പേര്‍ ചെയ്യുന്നതോടെ ഫെയ്സ്ബുക്ക് ഇത്തരം പേജുകളെ റദ്ദാക്കും.
Conclusion:

KIA കമ്പനി ഭാഗ്യശാലികള്‍ക്ക് സൗജന്യമായി കാര്‍ സമ്മാനം നല്‍കുന്നുവെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന സന്ദേശം വ്യാജവും ഒപ്പമുള്ള ലിങ്ക് Spam ഉം ആണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ഇതില്‍ ക്ലിക്ക് ചെയ്യുന്നതും വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്നതും സുരക്ഷിതമല്ലെന്ന് വായനക്കാരെ ഓര്‍മിപ്പിക്കുന്നു.