'അര്‍ജന്‍റീനയെ തോല്‍പ്പിച്ച സൗദി ഫുട്ബോള്‍ ടീമംഗങ്ങള്‍ക്ക് റോള്‍സ് റോയ്സ് സമ്മാനം' - വസ്തുതയറിയാം

ഖത്തര്‍ ലോകകപ്പില്‍ ആദ്യമത്സരത്തില്‍ അര്‍ജന്‍റീനയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിച്ച സൗദി ടീമിലെ ഓരോ കളിക്കാരനും ആഢംബര വാഹനമായ റോള്‍സ് റോയ്സ് കാര്‍ സമ്മാനമായി ലഭിക്കുമെന്നായിരുന്നു പ്രചരണം.


ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീനയെ പരാജയപ്പെടുത്തിയ സൗദി ടീമിലെ ഓരോ കളിക്കാരനും ആഢംബര കാറായ റോള്‍സ് റോയ്സ് സമ്മാനം നല്‍കുമെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചരണം. വിജയത്തിന് തൊട്ടുപിന്നാലെ പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ വാര്‍ത്ത നല്‍കി. നിരവധി പേരാണ് വിവിധ ഭാഷകളില്‍ ഇത് പങ്കുവെച്ചത്.

മലയാളത്തില്‍ 24 ന്യൂസ് തയ്യാറാക്കിയ ന്യൂസ് കാര്‍ഡാണ് ഏറ്റവുമധികം പങ്കുവെക്കപ്പെട്ടത്. വാട്സാപ്പിലും ഫെയ്സ്ബുക്കിലും വിവിധ അക്കൗണ്ടുകളില്‍നിന്ന് നിരവധി പേര്‍ ഇത് പങ്കുവെച്ചു.


വിവിധ പ്രാദേശിക ഓണ്‍ലൈന്‍ ചാനലുകളുടെ സമൂഹമാധ്യമ പേജുകളിലും ഈ വാര്‍ത്ത വ്യാപകമായി പങ്കുവെക്കപ്പെട്ടു. News Bullet Kerala എന്ന പേജില്‍നിന്ന് പങ്കുവെച്ച വാര്‍ത്ത നിരവധി പേര്‍ പങ്കുവെച്ചിട്ടുണ്ട്.
 വേങ്ങര ന്യൂസ് എന്ന പേജിലും സമാനമായ ഉള്ളടക്കത്തോടെ വാര്‍ത്ത പങ്കുവെച്ചതായി കാണാം.


 Fact-check:

ഖത്തര്‍ ലോകകപ്പില്‍ തങ്ങളുടെ ആദ്യമത്സരത്തില്‍ കരുത്തരായ അര്‍ജന്‍റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ സൗദി അറേബ്യ ഫുട്ബോള്‍ പ്രേമികളെ ഞെട്ടിച്ചിരുന്നു. അര്‍ജന്‍റീനയെ പരാജയപ്പെടുത്തിയതിന് പിന്നാലെ ഇത് വലിയ വാര്‍ത്തയാവുകയും സൗദി ടീമിന് ധാരാളം അഭിനന്ദനങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചാണ് സൗദി വിജയം ആഘോഷിച്ചത്.


ഇതിനു പിന്നാലെയാണ് താരങ്ങള്‍ക്ക് റോള്‍സ് റോയ്സ് സമ്മാനം എന്ന വാര്‍ത്ത വരുന്നത്. ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത പിന്നീട് പലരും തിരുത്തി. യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു പ്രഖ്യാപനം വന്നിട്ടില്ലെന്ന് ടീമിന്‍റെ പരിശീലകന്‍ ഹെർവ് റെനാർഡും കളിക്കാരനായ സാലെഹ് അല്‍ഷെഹരി എന്നിവര്‍ ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമായതോടെയാണ് വിവിധ മാധ്യമങ്ങള്‍ തിരുത്തി വാര്‍ത്ത നല്‍കിയത്. വസ്തുതാ പരിശോധനയുടെ ഭാഗമായി ഞങ്ങള്‍ ഈ ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധിച്ചു.
ആദ്യറൗണ്ടിലെ രണ്ടാംഘട്ട മത്സരത്തില്‍ പോളണ്ടിനെ നേരിടുന്നതിന് മുന്‍പ് നടത്തിയ പത്രസമ്മേളനത്തിലെ ദൃശ്യങ്ങളാണിത്. നവംബര്‍ 26 ന് നടന്ന പത്രസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരിലൊരാള്‍ ചോദിക്കുന്ന ചോദ്യവും അതിന് സാലെഹ് അല്‍ഷെഹരി നല്‍കുന്ന ഉത്തരവും ഇപ്രകാരമാണ്:

"എന്‍റെ ചോദ്യം സാലെഹ് അല്‍ഷെഹരിയോടാണ്. അര്‍ജന്‍റീനക്കെതിരായ വലിയ വിജയത്തിനുള്ള അംഗീകാരമെന്നോളം ടീമിലെ ഓരോ കളിക്കാരനും റോള്‍സ് റോയ്സ് കാര്‍ സമ്മാനമായി ലഭിക്കുമെന്ന് വാര്‍ത്ത വായിച്ചിരുന്നു. ഇത് ശരിയാണോ അല്ലയോ എന്ന് പറയാമോ, ശരിയാണെങ്കില്‍ താങ്കള്‍ ഏത് നിറം തെരഞ്ഞെടുക്കും?"

"ഇത് സത്യമല്ല. സ്വന്തം രാജ്യത്തിന് വേണ്ടി മികച്ച രീതിയില്‍ കളിക്കാനായതാണ് ഏറ്റവും വലിയ നേട്ടം. അതാണ് ഏറ്റവും വലിയ അംഗീകാരം."

ഈ വീഡിയോ വിവിധ അറബ് മാധ്യമങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ പങ്കുവെച്ചതായി കാണാം.


വാര്‍ത്താ സമ്മേളനത്തിന്‍റെ അടിസ്ഥാനത്തില്‍ അറബ് ന്യൂസ് എന്ന ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമത്തില്‍ നല്‍കിയ വാര്‍ത്തയും ഇതിനെ സാധൂകരിക്കുന്നു.
വാര്‍ത്താ സമ്മേളനത്തിന്‍റെ വീഡിയോ പുറത്തുവന്നതിന് ശേഷം വിവിധ ദേശീയമാധ്യമങ്ങളും പ്രാദേശിക മാധ്യമങ്ങളുമെല്ലാം വാര്‍ത്ത തിരുത്തി റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 24 ന്യൂസ് അടക്കം മലയാളം വാര്‍ത്താ ചാനലുകളും ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കി.
മലയാള മനോരമയും മാധ്യമവും ഏഷ്യാനെറ്റ് ന്യൂസും അവരുടെ ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ഈ വാര്‍ത്താസമ്മേളനത്തെ അടിസ്ഥാനമാക്കി വാര്‍ത്ത നല്‍കിയിട്ടുണ്ട്. ഇതോടെ ആദ്യം പ്രചരിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.


Conclusion:

ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്‍റീനയെ തകര്‍ത്ത സൗദി ടീമിലെ കളിക്കാര്‍ക്ക് ആഢംബരകാര്‍ റോള്‍സ് റോയ്സ് സമ്മാനമായി നല്‍കുന്നുവെന്ന അവകാശവാദം വസ്തുതാ വിരുദ്ധമാണ്. ഇതുമായി ബന്ധപ്പെട്ട് ടീം കോച്ചും കളിക്കാരനായ സാലെഹ് അല്‍ഷെഹരിയും വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരണം നല്‍കുകയും തുടര്‍ന്ന് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. നിലവില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഈ വാര്‍ത്താ സമ്മേളനത്തിന് മുന്‍പ് വന്ന വാര്‍ത്തകളും കാര്‍ഡുകളുമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

facebook twitter